കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം ഇത്തവണ എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായി മഴയാണ്.
സംസ്ഥാനത്ത് മഴ കനക്കുന്നു സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 7 മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.