ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിൽ വീണ്ടും അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ ഓവൽ ഓഫീസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടയിലാണ് ട്രംപ് വീണ്ടും ഇങ്ങനെ അവകാശവാദം ഉന്നയിച്ചത്.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് അമേരിക്കയാണ്. വ്യാപാര ചർച്ചകൾ പ്രയോജനപ്പെടുത്തിയാണ് സംഘർഷത്തിന് വിരാമം കുറിച്ചത്. ശത്രുത അവസാനിപ്പിക്കാൻ ഇരുവിഭാഗങ്ങളെയും പ്രേരിപ്പിച്ചത് താനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാഷ്ട്രങ്ങളെയും പ്രശംസിച്ച പ്രസിഡന്റ് സുഹൃത്ത് മോദിയുമായുളള ബന്ധം എടുത്ത് പറഞ്ഞാണ് വാക്കുകൾ അവസാനിപ്പിച്ചത്.
ഇന്ത്യ-പാകിസ്താൻ ചർച്ചയിൽ മൂന്നാം കക്ഷിയില്ലെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനങ്ങളെ പരാമർശിച്ചു കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തന്നെ ട്രംപിന്റെ അവകാശവാദം തളളിക്കളഞ്ഞിരുന്നു. പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം ഉഭയകക്ഷിപരമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പറഞ്ഞിരുന്നു. പാർലമെന്റിൻ്റെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായി എന്ന അവകാശവാദവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ രാത്രി മുഴുവൻ നീണ്ട ചർച്ചയിൽ ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് അന്ന് ട്വീറ്റ് ചെയ്തത്.