സുരക്ഷാസേന ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ അറിയിച്ചു.
അബുജ്മദ് പ്രദേശത്ത് വച്ച് നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ് എന്നി നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡിന്റെ ജവാന്മാരും മാവോയിസ്റ്റുകളും തമ്മിലാണ് വെടിവയ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ചില പ്രമുഖർ കൊല്ലപ്പെട്ടതായും വിജയ് ശർമ്മ കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാവിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വളയുകയായിരുന്നു. തുടർന്ന് മാവോയിസ്റ്റുകൾ നടത്തിയ വെടിവയ്പിന് മറുപടിയെന്നോണം സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റ് മാഡ് ഡിവിഷനിലെ മുതിർന്ന കേഡറുകളുടെ സാന്നിധ്യം സംബന്ധിച്ച ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് ഓപ്പറേഷൻ നടത്തിയത്.