കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. ഇന്ദിരാഭവനിൽ വച്ചു മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറി. വർക്കിങ് പ്രസിഡന്റുമാരായി എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശും ഇന്ന് ചുമതലയേൽക്കും.
എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ യുഡിഎഫ് കൺവീനർ എം എം ഹസൻ, വി എം സുധീരൻ, കെ മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങി മുതിർന്ന നേതാക്കളെല്ലാം തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചുമതലയേൽക്കുന്നതിന് മുമ്പായി പുതിയ കെപിസിസി നേതൃത്വം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ടിരുന്നു. യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാൻ കഴിഞ്ഞാൽ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു.
Discussion about this post