പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ നേരിടുകയും തിരിച്ചടിക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു. നിയന്ത്രണ രേഖയിലും അതിർത്തി മേഖലയിലും പാകിസ്താൻ വെടിവെപ്പ് നടത്തി. 26 ഇടങ്ങളാണ് ലക്ഷ്യമിട്ടതെന്ന് കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്താന്റേത് പ്രകോപന നടപടികളാണെന്നും ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
അതിവേഗ മിസൈലുകൾ ഇന്ത്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടിരുന്നു. പുലർച്ചെ 1.40നാണ് പാകിസ്താൻ അതിവേഗ മിസൈൽ ഉപയോഗിച്ചത്. സാധാരണ ജനജീവിതം തകർക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തിരിച്ചടിക്കായി ഇന്ത്യ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു. പാകിസ്താന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യ നിർവീര്യമാക്കികൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ എയർബസുകൾ കേന്ദ്രീകരിച്ച് അതിവേഗ മിസൈലുകൾ പാകിസ്ഥാൻ പ്രയോഗിച്ചെന്നും ശ്രീനഗറിലെ ആരാധനാലയങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ച് ആക്രമണം നടത്തിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
അതേസമയം പാക് വ്യോമതാവളങ്ങൾ ആക്രമിച്ചത് ഇന്ത്യ സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങളും ആയുധ ശേഖര ഇടങ്ങളും ഇന്ത്യ തകർത്തു. പാക് പ്രകോപനം നേരിടാൻ സുസജ്ജമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യയ്ക്കകത്ത് വിഭജനം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. പാകിസ്ഥാൻ സൈന്യം അതിർത്തി പ്രദേശങ്ങളിലേക്ക് സൈന്യത്തെ മാറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടതായി കേണൽ സോഫിയ ഖുറേഷി പറഞ്ഞു.