നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റിവച്ചു. ഈ മാസം 12 ലേക്കാണ് വിധി പറയുന്നത് മാറ്റിയത്. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി. ഏപ്രിൽ 28-ന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്ന് മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാൽ ഇത് വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വിധി പറയാനായി വീണ്ടും വയ്ക്കുകയായിരുന്നു.
2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, കേഡലിന് മാനസികപ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.