തിടമ്പേറ്റാനൊരുങ്ങി രാമനും; പൂരനഗരി ആവേശത്തിൽ

Thechikottukavu Ramachandran Will Participate In Thrissur Pooram 2025

തൃശ്ശൂരിന്റെ മണ്ണ് മഹാമാമാങ്കത്തിന്റെ ആവേശത്തിലാണ്. അതിന് ഇരട്ടി മധുരം നൽകികൊണ്ട് ഗജവീരൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും പൂരത്തിന് തിടമ്പേറ്റാൻ തയ്യാറാണ്.

ഏതാനും വർഷങ്ങളായി തൃശൂർ പൂരത്തിലെ നിറസാന്നിധ്യമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. അഞ്ചുവർഷം തൃശൂർ പൂരത്തിനായി തെക്കേഗോപുരനട തുറന്നിടാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയിരുന്നു എന്നാൽ ഇത്തവണ ഈ ഗജവീരൻ പൂരത്തിന് എത്തില്ലെന്ന് വാർത്തകൾ നേരത്തെ വന്നിരുന്നു. ആദ്യം പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റിയിരുന്നു.

ആന വരുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാവും എന്നതുകൊണ്ടാണ് പിൻമാറിയതെന്നായിരുന്നു തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചിരുന്നത്. എന്നാൽ പൂരപ്രേമികളുടെ ആവശ്യം പരിഗണിച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ആനകളിൽ രണ്ടാമൻ. ഉയർന്ന മസ്‌തകം, കൊഴുത്തുരുണ്ട ഉടൽ, ഉറച്ചകാലുകൾ, ആനച്ചന്തത്തിൻറെ പര്യായമാണ് രാമൻ എന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ. ഉത്സവകേരളത്തിൻറെ കിരീടം വയ്ക്കാത്ത ഗജരാജനെന്നും രാമചന്ദ്രനെ വിശേഷിപ്പിക്കാം. ലക്ഷണമൊത്ത പതിനെട്ടു നഖവും നിലം മുട്ടുന്ന തുമ്പികൈയ്യുമെല്ലാം ഈ ഗജരാജൻറെ പ്രൗഢി ഉയർത്തുന്നു.

ചെമ്പൂക്കാവ് ശ്രീ കാർത്യായനി ഭഗവതിയുടെ തിടമ്പാകും ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഏറ്റുക. ഉത്സവ എഴുന്നള്ളത്തിന് തിടമ്പേറ്റിയാൽ തിടമ്പിറക്കും വരെയും തലയുയർത്തിപ്പിടിച്ചിരിക്കും എന്നതാണു രാമൻറെ പ്രത്യേകത. എവിടെ എത്തിയാലും ആരാധകർ രാമാ… എന്ന വിളിയോടെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ആന കേരളത്തിൻറെ തലയെടുപ്പാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ.

1982-ലാണ് ഏജൻറായ വെങ്കിടാന്ദ്രി മോട്ടിപ്രസാദ്, മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ കേരളത്തിലെത്തിക്കുന്നത്. 1984-ലാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ആനയെ വാങ്ങി രാമചന്ദ്രൻ എന്ന പേരു നൽകുന്നത്. എന്തായാലും തലയെടുപ്പുള്ള ഗജവീരന്മാരുടെ ഉത്സവം കൂടിയായ തൃശൂർ പൂരത്തിൻറെ പ്രൗഢി ഇത്തവണയും വാനോളം ഉയർന്നു തന്നെ. ഒപ്പം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും.

Exit mobile version