മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലെ തീപിടിത്തത്തിൽ സാങ്കേതികമായ അന്വേഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പല വിഭാഗങ്ങളും പ്രാഥമിക റിപ്പോർട്ടുകൾ സമർപ്പിച്ചുവെന്നും അന്തിമ റിപ്പോർട്ട് വന്നാൽ മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയുള്ളൂ എന്നും മന്ത്രി അറിയിച്ചു.
ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ ബാറ്ററി തകരാർ ആകാം അപകടകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്. എംആർഐ മെഷീനിന്റെ യുപിഎസിന് 2026 വരെ വാറൻ്റിയുണ്ട്. ഏജൻസി കൃത്യമായ മെയിൻ്റനൻസ് നടത്തിയിട്ടുണ്ട്. ഇതുവരെ തകരാറുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
151 രോഗികളാണ് തീപിടിത്തത്തിൽ സമയത്ത് കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നത്. ഇതിൽ 114 പേർ മെഡിക്കൽ കോളേജിൽ തന്നെ തുടർചികിൽസ തേടുകയാണ്. 37 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു. തീപിടിത്തത്തിനിടെയുണ്ടായ നാല് മരണങ്ങൾ സംബന്ധിച്ച് വിദഗ്ധർ അടങ്ങിയ മെഡിക്കൽ സംഘം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ ഉള്ളവരുടെ ഫയലുകൾ പരിശോധിക്കും. ചിലവ് ഏറ്റെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. സ്വകാര്യ ആശുപത്രിയിൽ പോയവർക്ക് തിരിച്ച് വരുന്നതിൽ തടസ്സം ഇല്ല എന്നും ആർക്കും ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ല എന്നും മന്ത്രി വ്യക്തമാക്കി.