റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ മലക്കം മറിഞ്ഞ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. കേസുമായി ബന്ധപ്പെട്ട് വനം വകുപ്പിൽ ആഭ്യന്തര അന്വേഷണമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന്റെ വികാരം മാനിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. സുരേഷ് ഗോപിക്കും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനും ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്നായിരുന്നു വനംമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
കേസിൽ ഇന്നലെ വേടന് ജാമ്യം ലഭിച്ചിരുന്നു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന വനംവകുപ്പിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കർശന ഉപാധികളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
ജാമ്യാപേക്ഷയെ എതിർത്ത് വനം വകുപ്പ് രംഗത്തെത്തിയിരുന്നു. കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വേടൻ രാജ്യം വിട്ട് പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയത് എന്ന് പറയുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
Discussion about this post