ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം ലിവർപൂളിന്. ടോട്ടൻഹാമിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തോൽപ്പിച്ചാണ് ലിവര്‍പൂൾ കിരീടം ശാന്തമാക്കിയത്. നാല് മത്സരങ്ങൾ ശേഷിക്കേയാണ് ലിവർപൂൾ ചാമ്പ്യന്മാരാകുന്നത്. 2020നുശേഷം ലിവര്‍പൂളിന്‍റെ ആദ്യ പ്രീമിര്‍ ലീഗ് കീരിട നേട്ടമാണിത്. ഇതോടെ ലീഗിൽ 20 കീരീടമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ചരിത്ര നേട്ടത്തിനൊപ്പം ലിവർപൂളുമെത്തി.
യുർഗൻ ക്ലോപ്പ് പോയാൽ ഇംഗ്ലീഷ് കരുത്തർ തീർന്നെന്ന് കരുതിയവരുടെ കണക്കുക്കൂട്ടല് തെറ്റിച്ചാണ് അർനെ സ്ലോട്ട് ആദ്യ വരവിൽ തന്നെ കിരീടം സമ്മാനിച്ചത്. ടോട്ടനെത്തിരെ സമനില നേടിയാലും ലിവര്‍പൂളിന് കിരീടം നേടാമായിരുന്നു. എന്നാല്‍ ലൂയിസ് ഡയസ്, അലക്സിസ് മക് അലിസ്റ്റര്‍, കോഡ് ഗാക്പോ, മുഹമ്മദ് സലാ എന്നിവരുടെ ഗോളുകളും ടോട്ടനം താരം ഡെസ്റ്റിനി ഉഡോഗിയുടെ സെല്‍ഫ് ഗോളും ലിവര്‍പൂളിന്‍റെ കിരീടനേട്ടം ആധികാരികമായി തന്നെ ഉറപ്പിച്ചു.
ഈ സീസണിൽ കളിച്ച 34 മത്സരങ്ങളിൽ 25ലും ജയിച്ചാണ് ലിവര്‍പൂൾ കിരീടവുമായി മടങ്ങുന്നത്. രണ്ടേ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സീസണില്‍ ലിവര്‍പൂള്‍ തോല്‍വി അറിഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ 15 പോയിന്‍റിന് മുന്നിലെത്തിയതോടെയാണ് നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ലിവര്‍പൂൾ കിരീടം ഉറപ്പിച്ചത്. ഈ സീസണില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് 80 ഗോളുകൾ ലിവര്‍പൂള്‍ അടിച്ചു കയറ്റിയപ്പോള്‍ ക്ലബിന്‍റെ ടോപ് സ്കോറർ ഇത്തവണയും മുഹമ്മദ് സലായായിരുന്നു.