പ്രശസ്ത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

filmmaker Shaji N Karun passes away

പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെ വഴുതക്കാട് വച്ചായിരുന്നു അന്ത്യം. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്.

ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഷാജി എൻ കരുൺ. 40 ഓളം സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമെന്ന സവിശേഷത കൂടിയുണ്ട്.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാ‍ജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ ജി അരവിന്ദനെ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായി. അരവിന്ദന്റെ കീഴിൽ ഛായാഗ്രാഹകനായി നിരവധി സിനിമകൾ ചെയ്തു. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവർക്കൊപ്പവും ഷാജി എൻ കരുൺ പ്രവർത്തിച്ചു.

Veteran filmmaker Shaji N Karun passes away.

Exit mobile version