വിനോദ സഞ്ചാരികളുടെ പറുദീസ കുരുതിക്കളമായതിന്റെ നടുക്കത്തിലാണ് രാജ്യം ഇപ്പോഴും. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു ഭർത്താവിന്റെ ശരീരത്തിന് മുന്നിൽ വിറങ്ങലിച്ചിരിക്കുന്ന യുവതിയുടെ ചിത്രം. സോഷ്യൽമീഡിയയിലും വാർത്തകളിലും ഈ ചിത്രം വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തു.
കൊച്ചിയിലെ നാവികസേന ഓഫീസറായ ഹരിയാന സ്വദേശി ലഫ്.വിനയ് നർവാളിന്റെതായിരുന്നു ആ ചിത്രം. 26 കാരനായ വിനയിന്റെ വിവാഹം ആറുദിവസം മുന്‍പായിരുന്നു. ഭാര്യയോടൊത്ത് മധുവിധു ആഘോഷിക്കാനാണ് വിനയ് കശ്മീരിലെത്തിയത്.എന്നാൽ ആ സന്തോഷം ഏറെനേരം നിന്നില്ല.ഭീകരുടെ വെടിയേറ്റ് ഭാര്യയുടെ മുന്നിൽവെച്ച് വിനയ് കൊല്ലപ്പെടുകയായിരുന്നു.
ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടെയും വിവാഹം. റിസപ്ക്ഷന്‍ 19 നും നടന്നു . വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്താണ് ഇരുവരും കശ്മീരിലേക്ക് പോയതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തുോ. രണ്ട് വർഷം മുമ്പാണ് വിനയ് നാവികസേനയിൽ ചേർന്നത്.കൊച്ചിയിലായിരുന്നു വിനയിന്റെ ആദ്യപോസ്റ്റിങ്.
‘ആറു ദിവസം മുമ്പാണ് അദ്ദേഹം വിവാഹിതനായത്. എല്ലാവരും സന്തോഷത്തിലായിരുന്നു. തീവ്രവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു. നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു വിനയ്’.. അയൽക്കാരിൽ ഒരാളായ നരേഷ് ബൻസാൽ എഎൻഐയോട് പറഞ്ഞു. ഊർജ്വസ്വലനായ ഉദ്യോഗസ്ഥനായിരുന്നു വിനയ് എന്ന് അയൽക്കാരും നാട്ടുകാരും സഹപ്രവർത്തകരും ഓർമിച്ചു.
കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്.പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസികളേയും കച്ചവടക്കാരെയും ടാക്‌സി ഡ്രൈവർമാരെയും മാറ്റി നിർത്തി വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും നോക്കിനിൽക്കെ വെടിയേറ്റു മരിച്ചുവീണത് പുരുഷന്മാരായിരുന്നു. പഹൽഗാമിൽ കുതിരപ്പുറത്ത് കയറിയോ കാൽനടയായോ മാത്രം ട്രക്കിങ് നടത്തി എത്താൻ സാധിക്കുന്ന മിനി സ്വിറ്റ്‌സർലൻറ് എന്നറിയപ്പെടുന്ന ബൈസാറിൻ കുന്നിൻമുകളിലാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരർ എത്തിയതെന്നാണ് വിവരം.