മലയാള സിനിമ ലോകത്തെ നടുക്കി ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിച്ചതിൻറെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടൻ ഷൈൻറെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഷൈൻറെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തിൽ പിടിച്ച് നിന്നെങ്കിലും പൊലീസിൻറെ തുടർ ചോദ്യങ്ങൾക്ക് മുന്നിൽ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈൻറെ ഫോൺ കോളുകളും നിർണായകമായി. കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും ഇപ്പോൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി എന്നുമാണ് നടൻ മൊഴി നൽകിയത്. പലരുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ശത്രുകൾ ഉണ്ട്, ഗുണ്ടകൾ അപായപ്പെടുത്താൻ വന്നതാണെന്ന കരുതി. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈൻ പറയുന്നു.
എന്നാൽ, ഷൈൻറെ ഈ മൊഴികളെ ഒന്നും പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് കേസ് എടുത്തതിൽ നിന്ന് വ്യക്തമാകുന്നത്. കേസ് എടുത്തതോടെ ഷൈൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധന നടത്താനാകും. കേസിൻറെ മുന്നോട്ട് പോക്കിൽ ഈ പരിശോധന ഫലം നിർണായകമാണ്. നിലവിൽ ചുമത്തിയ രണ്ട് കുറ്റങ്ങളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഷൈൻറെ കൈവശം ലഹരിയൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന ഫലം അതിനിർണായകമാണ്.
Discussion about this post