സമരത്തെ തള്ളി മുഖ്യമന്ത്രി; “അവസാന പ്രതീക്ഷയും കൈവിട്ടു”

സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി രംഗത്തെത്തിയതോടെ പ്രതീക്ഷ നഷ്ടമായ അവസ്ഥയിലാണ് വനിതാ സിപിഒ ഉദ്യോഗാര്‍ഥികൾ. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നും ലിസ്റ്റിലുളള എല്ലാവര്‍ക്കും നിയമനം നല്‍കാനാകില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നൽക്കെ ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ ആയിരുന്നു ഉദ്യോഗാര്‍ഥികളുടെ അവസാന പ്രതീക്ഷ. അത് നഷ്ടമായതോടെ ഇന്ന് സ്വയം റീത്ത് വെച്ച് പ്രതിഷേധിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.

അതേസമയം, വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാപ്രവർത്തകർ നടത്തുന്ന രാപകൽ സമരം ഇന്ന് 67ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 29 ദിവസവും തുടരുകയാണ്.

ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആശമാർ. സർക്കാരുമായുള്ള തുടർ ചർച്ചകൾക്ക് വഴിയടഞ്ഞെങ്കിലും മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആശമാർ. എന്നാൽ ആശാ സമരത്തിൽ പുതിയ ചർച്ചക്കുള്ള സാഹചര്യം ഒന്നുമില്ലെന്ന പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.

Exit mobile version