കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജി കോടതി തള്ളിയത്.
നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീം കോടതിയിലെത്തിയത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് കേരള പൊലീസ് അന്വേഷിക്കുന്നില്ല. പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം ഉണ്ട്. അതിനാൽ ഇപ്പോൾ നടക്കുന്ന അന്വേഷത്തിൽ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ ഹർജിയിൽ പറഞ്ഞു. അഭിഭാഷകൻ എം.ആർ രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ പി.പി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്.