എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചത്. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
വീണയടക്കമുള്ള പ്രതികളാക്കി ഹൈക്കോടതി നടപടി ആശ്വാസകരമാണ്. ജസ്റ്റിസ് സിആർ രവിയുടെ അവധിക്കാല ബെഞ്ചിന് മുൻപിലാണ് ഈ കേസ് പരിഗണനയിൽ എത്തിയത്. സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ എസ്എഫ്ഐ കുറ്റപത്രം പൊലീസ് റിപ്പോർട്ടല്ലെന്നും എസ്എഫ്ഐഒ റിപ്പോർട്ടിനെ പരാതിയായി കണക്കാക്കണം എന്നുമാണ് ആവശ്യപ്പെട്ടത്. അങ്ങനെ വരുമ്പോൾ കോടതികൾക്ക് എതിർ കക്ഷിയെ കൂടി കേൾക്കേണ്ടി വരും. കുറ്റപത്രത്തിൽ പറയുന്ന ഉള്ളടക്കമല്ല സിഎംആർഎൽ ചോദ്യം ചെയ്തത്. മറിച്ച് കുറ്റപത്രം പരാതിയായി മാത്രമേ കണക്കാക്കാവൂ എന്നാണ് ആവശ്യപ്പെട്ടത്.
വിചാരണ കോടതി തിങ്കളാഴ്ച സമൻസ് അയക്കാൻ ഒരുങ്ങുന്നതിനിടെയാണ് സിഎംആർഎല്ലിൻ്റെ തന്ത്രപരമായ നീക്കം. ഇതോടെ വിചാരണ കോടതിക്ക് ഇനി സമൻസ് അയക്കാനാവില്ല. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രത്തിൻ്റെ പകർപ്പ് ആവശ്യപ്പെട്ടും സിഎംആർഎൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പകർപ്പ് കിട്ടിയാൽ കുറ്റപത്രം ചോദ്യം ചെയ്ത് മേൽക്കോടതികളെ സമീപിക്കാനും സിഎംആർഎല്ലിന് സാധിക്കും.