വഖഫ് നിയമത്തിലൂടെ എൻഡിഎ സർക്കാർ നടപ്പാക്കുന്നത് സാമൂഹിക നീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുമെന്നും ആദിവാസികളുടെ ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ലെന്നും അദ്ദേഹം ഹരിയാനയിലെ ഹിസാറിൽ പറഞ്ഞു. വഖഫിൻറെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയാണ് നിലവിലുള്ളത്. ഇത് പാവങ്ങൾക്കായി നൽകുകയാണ് വേണ്ടത്. അല്ലാതെ ഭൂമാഫിയകൾക്ക് ലാഭം കൊയ്യാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ഭേദഗതിയിലൂടെ നടപ്പിലാകുന്നതാണ് സമൂഹികനീതിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അംബേദ്കറിൻറെ ജന്മദിനാഘോഷത്തിൽ സംസാരിക്കുന്നതിനിടെ കോൺഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളും മോദി തൊടുത്തുവിട്ടു. അംബേദ്കറെ കോൺഗ്രസ് അപമാനിച്ചുവെന്നും ചരിത്രത്തിൽ നിന്ന് മായിച്ചുകളയാൻ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഭരണഘടനയുടെ നാശമായിരുന്നു കോൺഗ്രസ് ലക്ഷ്യമിട്ടതെന്നും സമത്വം കൊണ്ടുവരാൻ അംബേദ്കർ ലക്ഷ്യമിട്ടപ്പോൾ വോട്ട് ബാങ്കെന്ന വൈറസിനെ തുറന്നുവിടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും മോദി പറഞ്ഞു. അംബേദ്കറോട് കോൺഗ്രസ് ചെയ്തത് മറന്നുപോകരുതെന്നും രണ്ടുതവണ അംബേദ്കർ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം കോൺഗ്രസാണെന്നും മോദി പറഞ്ഞു.