മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി. ഇതിനായി 17 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയിൽ അധികം കെട്ടിവെക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചു. ഭൂമിയുടെ ന്യായവിലയിൽ മാറ്റം വന്നതിനാൽ ആണ് കൂടുതൽ തുക കെട്ടിവയ്ക്കേണ്ടി വരുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുകയിൽ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജിയിലാണിപ്പോൾ ഹൈക്കോടതി വിധി വന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഇടക്കാല സംവിധാനമെന്നുള്ള രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങൾക്ക് നഷ്ടപരിഹാര തുക ലഭിക്കണമെന്നും അല്ലാത്ത പക്ഷം ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നുമാണ് എൽസ്റ്റണിൻ്റെ ആവശ്യം. ഒപ്പം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വേണം ഭൂമി ഏറ്റെടുക്കാൻ എന്നും ആവശ്യം മുന്നോട്ടുവച്ചിരുന്നു. സർക്കാർ നിശ്ചയിച്ചിട്ടുള്ള 26 കോടി രൂപയുടെ നഷ്ടപരിഹാരം തീരെ കുറവാണെന്നും എൽസ്റ്റൺ അഭിഭാഷകൻ വാദിച്ചു.
നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നൽകേണ്ടത്. എൽസ്റ്റൺ എസ്റ്റേറ്റും ഹാരിസൺസ് കമ്പനിയും നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹർജി നൽകുമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് അറിയിച്ചു.