താമരശ്ശേരി ഷഹബാസ് വധക്കേസിൽ ആരോപണ വിധേയരായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

Thamarassery Shahabas murder

താമരശ്ശേരി ഷഹബാസ് വധക്കേസിൽ ആരോപണവിധേയരായ ആറ് കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളി. വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് ബോർഡ് നീട്ടിയതിനെ തുടർന്നായിരുന്നു ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. ഒരു മാസത്തിലധികമായി വിദ്യാർത്ഥികൾ റിമാൻഡിലാണ്.

ഹീനമായ കുറ്റകൃത്യമാണ് ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും കോടതിയിൽ വാദിച്ചിരുന്നു. വിദ്യാർത്ഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകളും തെളിവായി സമർപ്പിച്ചു. ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിച്ച് കേസ് ഇല്ലാതാക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കൂടി പരിഗണിച്ചാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുറ്റാരോപിതരായ വിദ്യാർത്ഥികൾ.

പ്രായപൂർത്തികളാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആരോപണവിധേയരായ കുട്ടികളുടെ മാതാപിതാക്കൾ കോടതിയിൽ വാദിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് കുട്ടികൾ. ഇത് അവരുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു.

Exit mobile version