നേതൃത്വം തിരിച്ചറിയേണ്ടത് യഥാർഥ പ്രവർത്തകരുടെ സങ്കടങ്ങളാണെന്ന് കടുകട്ടി ഹിന്ദിയിൽ കോട്ടയം കടുത്തുരുത്തിയിലെ രഹാന റയാസ് ചിസ്തി പറയുമ്പോൾ സദസ്സിൽ നിർത്താതെ കയ്യടിയായിരുന്നു. മലയാളിയെങ്കിലും രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവെന്ന നിലയിലായിരുന്നു പ്രവർത്തകർക്കു വേണ്ടിയുള്ള രഹാനയുടെ ഉറച്ച വാക്കുകൾ. വലിയ കാര്യങ്ങൾ പറയുന്ന കുറേ നേതാക്കളെയല്ല, ഓരോ ബൂത്തിലേക്ക് 10 പേരെ അധികമെത്തിക്കാൻ കഴിയുന്ന നല്ല പ്രവർത്തകരെ കണ്ടെത്താനാണ് പാർട്ടി ശ്രമിക്കേണ്ടതെന്നും ആവശ്യം കഴിയുമ്പോൾ ഉപേക്ഷിക്കപ്പെടുന്നുവെന്ന തോന്നൽ അവരിൽ ഉണ്ടാക്കരുതെന്നുമുള്ള ആവശ്യം ഹൈക്കമാൻഡിനു മുന്നിൽ വച്ചാണ് രഹാന പ്രസംഗം അവസാനിപ്പിച്ചത്. രാജസ്ഥാൻ വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന രഹാന കടുത്തുരുത്തി മങ്ങാട്ട് വട്ടത്തൊട്ടിൽ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. ജോലിയുടെ ഭാഗമായി രാജസ്ഥാനിൽ എത്തുകയും വിവാഹത്തെ തുടർന്ന് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. രാഷ്ട്രീയത്തിലേക്ക് സ്വയം ആകൃഷ്ടയായി. 1985 മുതൽ പാർട്ടിയിൽ സജീവമായ അവർ യൂത്ത് കോൺഗ്രസിലൂടെ പാർട്ടിയിൽ പടിപടിയായി വളർന്നു. മഹിള കോൺഗ്രസ് അധ്യക്ഷ പദവിയും വഹിച്ചു. രാജസ്ഥാനിലെ ചുരുവിലാണ് താമസം.