അലങ്കാര ചെടി വിൽപ്പന കേന്ദ്രത്തിലെ ജോലിക്കാരിയായ വിനീത കൊല്ലപ്പെട്ട കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ഈ മാസം 21നാണ് ശിക്ഷാവിധി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ മാനസികനില കൂടി പരിശോധിച്ച ശേഷമേ കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. ജില്ലാ കളക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാകും ശിക്ഷ വിധിക്കുക.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം നഗരത്തെ നടുക്കി അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെ ജോലിക്കാരി വിനീത കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനായിരുന്നു പ്രതി. ഏപ്രിൽ രണ്ടിന് വിചാരണ നടപടികൾ പൂർത്തിയായിരുന്നു.
വിനീതയുടെ കഴുത്തിൽ കിടന്ന നാലരപ്പവൻറെ മാല സ്വന്തമാക്കാനായാണ് രാജേന്ദ്രൻ കൃത്യം നടത്തിയത്. ഓൺലൈൻ ട്രേഡിങിനുള്ള പണം കയ്യിൽ ഇല്ലാതെ വന്നതോടെ മോഷണവും കൊലപാതകവും നടത്താനിറങ്ങിയെന്നായിരുന്നു പൊലീസിൻറെ കണ്ടെത്തൽ.