ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. അർമാൻ എന്ന പൈലറ്റ് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. വിമാനത്തിനുള്ളിൽവച്ചു ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു.
അർമാന്റെ വിയോഗത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുശോചനം രേഖപ്പെടുത്തി. ഈ സമയം ഞങ്ങൾ അർമാന്റെ കുടുംബത്തോടൊപ്പമാണ്. ആവശ്യമായ എല്ലാ സഹായവും കുടുംബത്തിനു നൽകും. ഈ ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.