വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവായ സിറാജുദ്ദീനെതിരെ തെളിവ് നശിപ്പിക്കൽ വകുപ്പും ചേർക്കുമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് അറിയിച്ചു. നിലവിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിഎൻഎസ് 105, 238 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നരഹത്യാ കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചിന് വൈകുന്നേരം ആറ് മണിയോടെയാണ് പ്രസവം നടന്നതെന്നും രാത്രിയോടെ അസ്മ മരിച്ചെന്നും സിറാജുദ്ദീൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പിറ്റേന്ന് പുലർച്ചെയാണ് മൃതദേഹം കൊണ്ടുപോയത്. ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും എസ്പി പറഞ്ഞു.
‘ആത്മീയകാര്യങ്ങളിൽ താൽപര്യമുള്ള ആളാണ് സിറാജുദ്ദീൻ. ആത്മീയകാര്യങ്ങളാലാണ് വീട്ടിലെ പ്രസവമെന്ന് പറയുന്നു. രണ്ട് പ്രസവം വീട്ടിൽ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചെയ്തത്. വീട്ടിലെ പ്രസവത്തിന് അസ്മ പിന്തുണച്ചിരുന്നോയെന്ന അന്വേഷണം നടത്തും. സിറാജുദ്ദീന്റെ പ്രേരണയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ മനസിലാകുന്നതെന്നും എസ്പി വ്യക്തമാക്കി.
സിറാജുദ്ദീന്റെ പ്രധാന ജോലി യുട്യൂബ് ചാനലും മതപ്രഭാഷണവുമാണെന്നും അദ്ദേഹം പറഞ്ഞു. അസ്മ അക്യുപങ്ചർ പഠിച്ചതായി മൊഴിയുണ്ടെന്നും പ്രതി പഠിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും എസ്പി വിശ്വനാഥ് വ്യക്തമാക്കി.
Discussion about this post