എം എ ബേബി സിപിഎം ജനറൽ സെക്രട്ടറി; പിബി പാനലിനും അംഗീകാരം

MA Baby cpim party general secretary

സിപിഎം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തിൽ നിന്ന് പാർട്ടിയെ നയിക്കാൻ എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തിൽ നിന്നുള്ള ജോൺ ബ്രിട്ടാസ് അടക്കം നാല് പേർ കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാകും.

1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയിലെത്തി.

അതേസമയം, പാനലിനെതിരെ മത്സരിച്ച് ഡി എൽ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എൽ കരാഡിന് ലഭിച്ചത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തിയാണ് കരാഡ് മത്സരിച്ചത്. മഹാരാഷ്ട്ര സിഐടിയു സംസ്ഥാന അധ്യക്ഷൻ കൂടിയായ കരാഡ് തൊഴിലാളി വർഗ സമരത്തിൻറെ നേതൃ മുഖം കൂടിയാണ്. പാർട്ടി കോൺഗ്രസിൽ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താൻ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്.

Exit mobile version