ഗോകുലം ഗോപാലനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ റെയ്‌ഡ്

ed raid gokulam gopalan

വ്യവസായി ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ പരിശോധനക്കിടെ ഒന്നര കോടി രൂപ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങളിൽ നിന്ന് സൂചന. വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിനിടെയാണ് പണം കണ്ടെത്തിയത്. ഇന്നലെ തമിഴ്‌നാട്ടിലും കേരളത്തിലുമായി പത്ത് കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടത്തിയതെന്നാണ് ഇഡി അറിയിക്കുന്നത്. എന്നാൽ എവിടെ നിന്നാണ് പണം കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

അന്വേഷണം നടത്തുന്നത് ഫെമ ചട്ടം കേന്ദ്രീകരിച്ചെന്നാണ് ഇഡി നൽകുന്ന വിശദീകരണം. 450 കോടിയോളം രൂപയുടെ വിദേശ ഇടപാട് തിരിച്ചറിഞ്ഞുവെന്നും ഒരാഴ്ചത്തെ പരിശോധന കൊണ്ടേ കണക്കുകളിൽ വ്യക്തത വരൂവെന്നുമാണ് ഇഡി പറയുന്നത്. ഗോകുലം ഗോപാലന്റെ കമ്പനികളിലേക്ക് വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ എത്തിയിട്ടുണ്ട്, ഇവിടെ നിന്ന് വിദേശത്തേക്കും പണം കൈമാറിയിട്ടുണ്ട്. ഇത് ഫെമ ചട്ടങ്ങളുടെ ലംഘനമെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. ഒപ്പം വിദേശത്ത് നിന്ന് എത്തിയ പണം സിനിമ നിർമ്മാണത്തിനടക്കം ഉപയോഗിച്ചോ എന്നും പരിശോധിക്കുന്നുണ്ട്.

ചെന്നൈയിലും കോഴിക്കോടുമായി ഗോകുലം ചിറ്റ്സിൻ്റെ അടക്കം ഓഫീസുകളിലും ഗോകുലം ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിലും നീലാങ്കരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടായിരുന്ന ഗോകുലം ഗോപാലനെ ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി, രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന. ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്.

Exit mobile version