ആശ പ്രവർത്തകരുടെ സമരം തീർക്കാൻ മന്ത്രി തലത്തിൽ ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല. ഈ സാഹചര്യത്തിൽ ആശാ വർക്കർമാരുമായി ചർച്ച നാളെയും തുടരും. വേതനം പരിഷ്‌കരിക്കുന്നതിനെ കമ്മീഷനെ വെക്കുന്നതടക്കം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം ട്രേഡ് യൂണിയനുകളുടെ സമവായം ഉണ്ടാക്കാനാണ് ശ്രമം.
ട്രേഡ് യൂണിയൻ പ്രതിനിധികളുടെ ചർച്ചക്ക് ശേഷം ഇന്ന് മന്ത്രി തലത്തിലും വീണ്ടും ചർച്ച നടത്തി. ഇന്ന് നടന്ന ചർച്ചയിൽ ധനമന്ത്രിയും ഓൺലൈനായി പങ്കെടുത്തെങ്കിലും രണ്ട് മിനിറ്റ് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സമര സമിതി നേതാവ് ബിന്ദു പറഞ്ഞു.
രണ്ട് ചർച്ചയിലേയും പോലെ ഒരു തീരുമാനവും ഇന്നും ഉണ്ടായില്ലെന്ന് സമര സമിതി നേതാവ് മിനി പ്രതികരിച്ചു. കമ്മീഷനെ വെക്കുന്നതിനെ സമര സമിതി ഒഴികെ ബാക്കി യൂണിയനുകൾ അംഗീകരിച്ചു . രണ്ട് മാസത്തിന് ശേഷം കമ്മീറ്റിയെ വെക്കാമെന്ന് പറയുന്നതിൽ അർത്ഥമില്ല. ഐഎഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ കമ്മീഷനെ വെക്കാമെന്നാണ് പറയുന്നത്. സമരക്കാരുടെ ആവശ്യങ്ങളിൽ അനുഭാവപൂർവമായ നിലപാടില്ല.
ഓണറേറിയം വർദ്ധനയിലും വിരമിക്കൽ ആനുകൂല്യങ്ങൾക്കും കമ്മിറ്റി ആവശ്യമില്ലെന്ന് സമരക്കാർ നിലപാടെടുത്തു. ഓണറേറിയം 21000 രൂപയാക്കണമെന്ന് പിടിവാശി ഇല്ല. 3000 രൂപ കൂട്ടി 10000 ആക്കണമെന്ന് പറഞ്ഞിട്ടും അനുകൂല നിലപാടില്ലെന്നും സമരക്കാർ പ്രതികരിച്ചു.
ഇന്നുവരെ ഓണറേറിയം കൂട്ടിയത് ഒരു കമ്മിറ്റിയെയും വച്ചിട്ടല്ലെന്നായിരുന്നു സമര സമിതി നേതാവ് ബിന്ദുവിൻ്റെ പ്രതികരണം. ആരോഗ്യ മന്ത്രി രാജി വെക്കണം എന്ന് ആശ വർക്കർമാർ ആവശ്യപ്പെട്ടു. അവകാശങ്ങൾ നേടിയിട്ടേ പിരിഞ്ഞു പോകുവെന്ന് സമരസമിതി നേതാവ് വികെ സദാനന്ദൻ പറഞ്ഞു. ഏത് സമരത്തെയും പൊളിക്കാനുള്ള ഏർപ്പാടാണ് കമ്മീഷൻ. ആ കുപ്പിയിൽ ആശാവർക്കർമാരെ വീഴ്ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post