ഉത്തർപ്രദേശിൽ ഈദ് ഗാഹുകളെ വിലക്കിയത് ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഘോഷങ്ങൾ ധിക്കാരം കാണിക്കാനുള്ള മാധ്യമമായി മാറരുത് . മുസ്‍ലിംകൾ ഹിന്ദുക്കളിൽ നിന്ന് അച്ചടക്കം പഠിക്കണമെന്നും കുംഭമേളയോട് അനുബന്ധിച്ച് ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“റോഡുകൾ നടക്കാൻ വേണ്ടിയുള്ളതാണ് . ഹിന്ദുക്കളിൽ നിന്ന് അച്ചടക്കം പഠിക്കണം. 66 കോടി ആളുകൾ പ്രയാഗ്‌രാജിൽ എത്തി. എവിടെയും കൊള്ളയടിക്കലോ തീവെപ്പോ ഉണ്ടായിട്ടില്ല. എവിടെയും പീഡനമുണ്ടായില്ല, എവിടെയും നശീകരണമുണ്ടായിട്ടില്ല, എവിടെയും തട്ടിക്കൊണ്ടുപോകലുണ്ടായിട്ടില്ല, ഇതാണ് അച്ചടക്കം, ഇതാണ് മതപരമായ അച്ചടക്കം. അവർ ഭക്തിപൂർവം വന്നു, മഹാ സ്നാനത്തിൽ പങ്കെടുത്തു, തുടർന്ന് അവർ മടങ്ങി. ഉത്സവങ്ങളോ ആഘോഷങ്ങളോ അഹങ്കാരത്തിനുള്ള ഒരു മാധ്യമമായി മാറരുത്. ആ അച്ചടക്കം പിന്തുടരാൻ പഠിക്കുക” യോഗി പറഞ്ഞു.
ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് ആവശ്യമായിരുന്നു. എവിടെയെങ്കിലും കയ്യേറ്റം ഉണ്ടായാൽ അത് ഒഴിപ്പിക്കാൻ ബുൾഡോസർ ഉപയോഗിക്കുന്നു. ഇതിലൂടെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും കയ്യേറ്റം ഒഴിപ്പിക്കാനും കഴിയും ഇത് ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താൻ ആളുകളെ പഠിപ്പിച്ചിട്ടുണ്ട് എന്നും യോഗി പറഞ്ഞു.