ആശമാർക്കെതിരെ മന്ത്രി വി.ശിവൻകുട്ടി. സെക്രട്ടേറിയറ്റിനു മുന്നിൽ തലമുണ്ഡനം ചെയ്തവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണ്. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറി. കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്ത് അയച്ചിട്ട് ഒരു മറുപടിയും ലഭിച്ചില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
50 ദിവസമായി അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ പ്രതിഷേധിച്ചത്. തല മുണ്ഡനം ചെയ്തും മുടി ഭാഗികമായി മുറിച്ചുമാണ് ആശമാർ സമരം കടുപ്പിച്ചിരിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ മുടി മുറിക്കൽ സമരത്തിൻറെ ഭാഗമായിയിരുന്നു.
സമരം ആരംഭിച്ചതിന് ശേഷം സർക്കാരുമായി ഒന്നിലേറെ തവണ ചർച്ച നടത്തിയെങ്കിലും ഇവർ ഉന്നയിച്ച ആവശ്യങ്ങൾ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറുമെന്നും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നുമാണ് ആശമാരുടെ പ്രതീക്ഷ.
Discussion about this post