ലഹരിവിൽപ്പന പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് പിന്നിൽ കല്ലിങ്കൽപാടം സ്വദേശിയായ ലഹരി ഇടപാടുകാരനാണെന്ന് പൊലീസ് പറയുന്നു.
അപകടത്തിൽ ഉവൈസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന പൊലീസുകാർ ചാടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം പ്രതിയെ പൊലീസ് കോട്ടയത്ത് നിന്ന് പിടികൂടിയിട്ടുണ്ട്. പിടി കൂടുമ്പോൾ പ്രതിയുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
കൊല്ലത്തും ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമമുണ്ടായി. കല്ലുംതാഴത്ത് വാഹനപരിശോധനയ്ക്കെത്തിയ എക്സൈസ് ഇൻസ്പെക്ടർ ദിലീപിനെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്വിഫ്റ്റ് കാറിൽ ലഹരികടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
എന്നാൽ കാർ നിർത്താതെ മുന്നോട്ടെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ ചാടിയതിനാൽ അപകടമൊഴിവായി. കാറിനെ ആറ് കിലോമീറ്റർ വരെ പൊലീസും എക്സൈസും പിന്തുടർന്നു. പക്ഷേ, പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാറിൽ നിന്നും നാല് ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ആർസി ഓണറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്.
Discussion about this post