കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള മകൻ ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞും ഉണ്ടായിരുന്നു. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
അജീഷ് നേരത്തെ ഗൾഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാർ പറഞ്ഞു. അജീഷിൻറെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കൾ അയൽക്കാരെ ഉൾപ്പെടെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അജീഷിന് അടുത്തകാലത്തായി അർബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടർന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലർത്തിയിരുന്നത്. മരണത്തിൻറെ യഥാർത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറയുന്നു.
Discussion about this post