ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്തി. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം മെക്‌സിക്കോ ഉൾക്കടലിൽ ലാൻഡ് ചെയ്തത്. തുടർന്ന് സ്‌പേസ് റിക്കവറി കപ്പൽ പേടകത്തിനരികിലേക്കെത്തി നാല് ബഹിരാകാശ സഞ്ചാരികളെയും പേടകത്തിന് പുറത്തെത്തിച്ചു. ഒരുനിമിഷം നിവർന്നുനിൽക്കാൻ അനുവദിച്ച ശേഷമാണ് നാലുപേരെയും സ്ട്രെച്ചറിൽ കപ്പലിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് പുലർച്ചെ 2.36-ഓടെ വേർപ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുകയും ലാൻഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തു. സ്പേസ് എക്സിൻറെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോർബുനോവിനെയും കരയിലെത്തിക്കുകയാണ്.
നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും ബുച്ച് വിൽമോറുമാണ് സുനിതയെ കൂടാതെ ഭൂമിയിലെത്തിയത്. പൈലറ്റിൻറേയും കമാൻഡറിൻറേയും ഇരിപ്പിടങ്ങളിൽ നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവുമായിരുന്നു കാരണം സുനിതയും ബുച്ചും ഡ്രാഗൺ പേടകത്തിലെ യാത്രക്കാർ മാത്രമാണ്. സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവർക്കും പരിശീലനം ലഭിച്ചിട്ടുള്ളത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാർമൂലം അതിലുള്ള മടക്കയാത്ര നടന്നില്ല.
ഉചിതമായ ബദൽപദ്ധതി തയ്യാറാകുന്നതുവരെ അവർക്ക് ഐഎസ്എസിൽ കഴിയേണ്ടിവന്നു. ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാതെ ഇത്രനാൾ കഴിഞ്ഞ രണ്ടുപേർക്കും ഭൂമിയിലെ ഗുരുത്വാകർഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങൾ നൽകും.