പരിക്കേറ്റതിനാൽ മെസ്സി അടുത്ത രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കില്ലെന്ന് റിപ്പോർട്ട്. യുറഗ്വായ്, ബ്രസീൽ ടീമുകൾക്കെതിരെയാണ് അർജന്റീനയ്ക്ക് പോരാട്ടമുള്ളത്. മുഖ്യ പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ച ഇരുപത്തഞ്ചംഗ സ്‌ക്വാഡിൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടില്ല.
മേജർ ലീഗ് സോക്കറിൽ ഞായറാഴ്ച അറ്റ്‌ലാന്റ യുണൈറ്റഡിനെതിരേ മെസ്സിയുടെ ഇന്റർമിയാമി 2-1ന് ജയിച്ചിരുന്നു. മത്സരത്തിനിടെ മെസ്സിയുടെ തുടയ്ക്ക് വേദനയനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം മെസ്സിയുടെ അസാന്നിധ്യം എന്തുകൊണ്ടാണെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
25 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള അർജന്റീന വെള്ളിയാഴ്ച യുറഗ്വായിയെ ആണ് ആദ്യം നേരിടുക. യുറഗ്വായ് രണ്ടാം സ്ഥാനത്താണ്. അഞ്ചാമതുള്ള ബ്രസീലുമായുള്ള ആവേശകരമായ പോരാട്ടം ബുധനാഴ്ച ബ്യൂണസ് ഐറിസിൽ നടക്കും. പൗളോ ഡിബാല, ഗോൺസ്വാലോ മോണ്ടിയൽ, ജിയോവനി ലൊ സെൽസോ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടില്ല.