കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് 12 വയസുകാരി

murder of four month old baby

പാറക്കലിലെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരി. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊന്നത്.

മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്. യാസികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതോടെ താമസക്കാർ ചേർന്ന് പുറത്തെടുത്തു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

Exit mobile version