സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു. റിയാദിലെ നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് പത്താം തവണയാണ് അബ്ദുറഹീമിന്റെ കേസ് മാറ്റിവെയ്ക്കുന്നത്.
ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30-ന് ഓൺലൈൻ ആയി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായിരുന്നു. അബ്ദുറഹീമിന് വേണ്ടി സമർപ്പിച്ച ജാമ്യ ഹർജിയും ഇന്ന് പരിഗണിച്ചില്ല. അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി തുടർ നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് റിയാദ് സഹായ സമിതി വ്യക്തമാക്കി.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ 2024 ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 15 മില്യൺ റിയാൽ മോചനദ്രവ്യം സൗദി കുടുംബത്തിന് കൈമാറിയ ശേഷമാണ് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. എന്നാൽ ജയിൽ മോചനം അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ റഹീമിന്റെ അഭിഭാഷകൻ റിയാദ് ഗവർണറെ കണ്ടിരുന്നു. ഗവർണറേറ്റ് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം റഹീമിന്റെ മോചനം വൈകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നാട്ടിലെ നിയമ സഹായ സമിതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് ഏപ്രിൽ 14-ന് ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് റിയാദിലെ കോടതി വീണ്ടും പരിഗണിക്കും.
Discussion about this post