കാത്തിരിയ്പ്പിന് വിരാമം; സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങുന്നു

Sunita Williams and Butch Wilmore space

ഒൻപത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി. ഇരുവരും ഉൾപ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗൺ ക്യാപ്‌സൂൾ ഐഎസ്എസിൽ നിന്ന് ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35ന് പുറപ്പെട്ടു. ക്രൂ-9 സംഘത്തിൽ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.

പതിനേഴ് മണിക്കൂറോളം ദൈർഘ്യമേറിയ യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27-ഓടെ ഫ്രീഡം ഡ്രാഗൺ പേടകം ഭൂമിയിൽ വന്നിറങ്ങും. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറക്കുക.

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു. ഇരുവരെയും ഐഎസ്എസിലെത്തിച്ച ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്. ഇരുവരെയും മടക്കിക്കൊണ്ടുവരാൻ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാൽ സ്റ്റാർലൈനറിലെ ത്രസ്റ്ററുകൾക്കുള്ള തകരാറും ഹീലിയം ചോർച്ചയും പേടകത്തിൻറെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി.

ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാർലൈനർ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേർന്ന് നാസ ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിൻറെയും മടക്കയാത്ര 2025 മാർച്ചിലേക്ക് നീട്ടിയത്.

എട്ട് ദിവസ ദൗത്യം 9 മാസത്തിലധികം നീണ്ടെങ്കിലും ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതിയാണ് സുനിത വില്യംസിൻറെയും ബുച്ച് വിൽമോറിൻറെയും മടക്കം. ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടം സുനിത ഈ യാത്രയിൽ സ്വന്തമാക്കുകയും ചെയ്തു.

Exit mobile version