പി.സി ജോർജിന്റെ വിവാദ പ്രസംഗം; കേസെടുക്കുന്നതിൽ വീണ്ടും നിയമോപദേശം തേടാനൊരുങ്ങി പൊലീസ്

PC George Love Jihad Statement

ബിജെപി നേതാവ് പി.സി ജോർജിന്റെ ലൗജിഹാദ് പ്രസംഗത്തിൽ കേസെടുക്കണമെന്ന കാര്യത്തിൽ വീണ്ടും നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. പ്രാഥമികമായി ലഭിച്ച നിയമോപദേശത്തിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും നിയമോപദേശം തേടുന്നത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി ജോർജ് വിവാദ പരാമർശം നടത്തിയത്.

മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു പി സി ജോർജിന്റെ പ്രസംഗം. അതേസമയം പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോടതിയെ സമീപിച്ചേക്കും. ചാനൽ ചർച്ചയ്ക്കിടയുള്ള വിദ്വേഷ പരാമർശക്കേസിൽ കർശന ഉപാധികളോടെ ജാമ്യം കിട്ടിയ പിസി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് യൂത്ത് ലീ​ഗിന്റെ പരാതി. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കില്ലെന്നാണ് പിസി ജോർജിന്റെ നിലപാട്.

ചർച്ചയ്ക്കിടെയുള്ള വിദ്വേഷ പരാമർശക്കേസിൽ ജാമ്യം കിട്ടി ഒരാഴ്ച പിന്നിടുമ്പോഴാണ് ലൗ ജിഹാദ് വഴി മീനച്ചിൽ താലൂക്കിൽ നിന്ന് 400 യുവതികളെ നഷ്ടമായെന്ന് പരാമർശം വിവാദമാകുന്നത്. പരാതിയിൽ നിയമോപദേശം തേടിയ പൊലീസ് കേസെടുക്കാൻ സർക്കാർ നിർദേശം കിട്ടുന്നതോടെ എഫ്ഐആർ ഇടും.

Exit mobile version