വാഷിങ്ടൺ: 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസിൽ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നടപടികളുമായി ട്രംപ് ഭരണകൂടം. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരന്മാർക്ക് വിസ വിലക്കുൾപ്പെടെ ഏർപ്പെടുത്താനാണ് നീക്കം. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലെ പൗരന്മാർക്കടക്കം നിയന്ത്രണങ്ങൾ വരുമെന്നാണ് വിവരം.
പത്തു രാജ്യങ്ങൾ ഉൾപ്പെട്ട ആദ്യ പട്ടികയിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ഇവിടെനിന്നുള്ളവരുടെ വിസ പൂർണമായും റദ്ദാക്കും. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാം പട്ടികയിൽ. ഇവർക്ക് വിസ അനുവദിക്കുന്നതിൽ ഭാഗിക നിയന്ത്രണമാണ് ഉണ്ടാവുക. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകൾ അനുവദിക്കുന്നതിലാണ് നിയന്ത്രണം.
26 രാജ്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. പാകിസ്താനും ഭൂട്ടാനുമടക്കമുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കും. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. പട്ടികയിൽ മാറ്റമുണ്ടാവാമെന്നും നിലവിലെ നിർദേശത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post