സിറിയയിൽ ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള താത്കാലിക ഭരണഘടന നിലവിൽ വന്നു. ‘ പുതിയ ചരിത്രത്തിന്റെ തുടക്കം’ എന്നാണ് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരാ ഭരണഘടനാ പ്രഖ്യാപനത്തിൽ ഒപ്പുവച്ചുകൊണ്ട് പ്രതികരിച്ചത്. സ്ത്രീകൾക്ക് അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നുവെന്നതാണ് ഭരണഘടനയെന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത. അഞ്ച് വർഷത്തേക്കുള്ള താൽക്കാലിക ഭരണഘടനയ്ക്കാണ് ഇപ്പോൾ അംഗീകാരം നൽകിയത്.
ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതർ ബാഷർ അൽ അസദിന്റെ സർക്കാരിനെ അട്ടിമറിച്ച് മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം. രണ്ടാഴ്ച മുൻപാണ് അൽ ഷരാ പ്രഖ്യാപനത്തിന്റെ കരട് തയാറാക്കാൻ സമിതിയെ നിയോഗിച്ചത്.
തങ്ങൾ ചെയ്ത കുറ്റകൃത്യങ്ങൾ നിഷേധിക്കുകയും പ്രശംസിക്കുകയും, ന്യായീകരിക്കുകയും കുറച്ചുകാണുകയും ചെയ്യുന്ന മുൻ അസദ് ഭരണകൂടത്തിന്റെ മഹത്വവൽക്കരണം പുതിയ ഭരണഘടന വിലക്കുന്നുണ്ട്. സ്ത്രീകൾക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്ന് താൽക്കാലിക ഭരണഘടനയുടെ കരട് തയാറാക്കിയ കമ്മറ്റി അംഗമായ അബ്ദുൽ ഹമീദ് അൽ അവക് പറയുന്നു. വനിതകൾക്ക് എല്ലാ സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക അവകാശങ്ങളും ഉറപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യത്തിന്റെ പ്രസിഡന്റ് മുസ്ലീമായിരിക്കണമെന്നും നിയമ നിർമാണത്തിന്റെ പ്രധാന സ്രോതസ് ഇസ്ലാമിക നിയമസംഹിതയായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള പ്രത്യേക അധികാരം പ്രസിഡന്റിന് മാത്രമാണുള്ളത്.
അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമങ്ങൾക്കുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്ന് അവക് പറയുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Interim constitution comes into effect in Syria.
Discussion about this post