തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കൃത്യതയാർന്ന പ്രവർത്തനത്തിലൂടെ പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയതിനാണ് മന്ത്രിയുടെ നന്ദിക്കുറിപ്പ്. പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷൻറെ 3204 ശുചീകരണ തൊഴിലാളികൾ മണിക്കൂറുകൾ കൊണ്ട് നഗരം പഴയപടിയാക്കുന്നത് നേരിൽ കാണാനിടയായെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ ലക്ഷക്കണക്കിന് സ്ത്രീകളാണ് തിരുവനന്തപുരം നഗരത്തിൽ പൊങ്കാലയിട്ടത്. പൊങ്കാല കഴിഞ്ഞ് ഭക്ത ജനങ്ങൾ മടങ്ങി മണിക്കൂറുകൾക്കകമാണ് നഗരം വൃത്തിയാക്കാൻ തുടങ്ങിയത്. രാത്രി ആയപ്പോഴേക്കും തെരുവിൽ ബാക്കി വന്ന അവശിഷ്ടങ്ങളും പൊടിയും ചുടുകട്ടകളും അടക്കം നീക്കം ചെയ്യുകയും ചെയ്തു. വിവിധ സംഘടനകളുടെ സഹകരണത്തോടെ വാഹനങ്ങളിൽ വെള്ളം കൊണ്ട് വന്ന് ഈ രാത്രി തന്നെ നഗരം കഴുകി വൃത്തിയാക്കുകയും ചെയ്തുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post