പി.സി ജോർജിന് എന്തും പറയാനുള്ള ലൈസൻസ് നൽകിയത് സർക്കാർ

ബിജെപി നേതാവ് പി.സി ജോർജിന്റെ വിദ്വേഷ പരാമർശ വിഷയം നിയമസഭയിൽ. ജോർജിന്റെ ലൗ ജിഹാദ് പരാമർശം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് എ.കെ.എം അഷറഫ് സഭയിൽ പറഞ്ഞു. പി.സി ജോർജിന് എന്തും പറയാനുള്ള ലൈസൻസാണ് സർക്കാർ നൽകിയത്. പൊലീസ് വിചാരിച്ചാൽ പി.സി ജോർജിനെ ചങ്ങലയ്ക്കിടാൻ കഴിയില്ലേയെന്നും എ.കെ.എം അഷറഫ് ചോദിച്ചു.
വിവിധ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചകൾക്കിടെയാണ് എ.കെ.എം അഷറഫ് ഇത്തരമൊരു വിമർശനം ഉന്നയിച്ചത്. കേരളത്തിന്റെ മതേതരത്വം തകർക്കുന്ന പി.സി ജോർജിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ സർക്കാരിന് എന്താണ് മടിയെന്ന് അഷറഫ് ചോദിച്ചു. ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത് മനസില്ലാമനസോടെയാണ്.
പി.സി ജോർജിനെ ചങ്ങലയ്ക്കിടാൻ കഴിയില്ലേ?. കർണാടക സർക്കാർ ഇത്തരം നിരവധിയാളുകളെ തുറുങ്കിലടച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥയുടെ ലംഘനം നടത്തിയിട്ടും പി.സി ജോർജിനെ തൊടാൻ പൊലീസ് തയാറാകുന്നില്ലെന്നും എ.കെ.എം അഷറഫ് ചൂണ്ടിക്കാട്ടി. വിമർശനത്തിന് മന്ത്രിമാർ ആരും മറുപടി നൽകിയില്ല.
മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെയാണെന്നായിരുന്നു പി.സി ജോർജ് കഴിഞ്ഞദിവസം നടത്തിയ വിദ്വേഷ പരാമർശം. അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോർജ് പറഞ്ഞു.. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവന.

Exit mobile version