കൊല്ലം സമ്മേളനത്തിലെ വികസന വീമ്പു പറച്ചിൽ വല്ലതും നടക്കുമോ? പണമില്ലാതെ ദുരിതാവസ്ഥയിലാണ് കേരളം. ഈമാസം 12,000 കോടികൂടി കടമെടുക്കാൻ അനുവദിക്കണമെന്നാണ് കേന്ദ്രത്തോടുള്ള കേരളത്തിന്റെ അഭ്യർത്ഥന.
ഈ മാസത്തെ ബില്ലുകൾ മാറുന്നതിന് ആവശ്യമായ പണം ട്രഷറിയിലില്ലെന്നാണ് വിവരം. പണം കണ്ടെത്തിയില്ലെങ്കിൽ ബില്ലുകൾ മാറുന്നതിന് കൂടുതൽ നിയന്ത്രണം കൊണ്ടുവന്നേക്കും. മാസത്തിന്റെ ആദ്യ അഞ്ച് ദിവസം ശമ്പളവും പെൻഷനും മാത്രമേ ട്രഷറികളിൽ നിന്ന് നൽകുകയുള്ളൂ. തുടർന്നാണ് പദ്ധതിച്ചെലവുകൾക്ക് ഉൾപ്പെടേയുള്ള ബില്ലുകൾ അനുവദിക്കുന്നത്. ഈ മാസം തുടങ്ങിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് ഈ ബില്ലുകൾ വന്നത്. പ്രശ്‌നങ്ങളില്ലാതെ വെള്ളിയാഴ്ച ബില്ലുകളെല്ലാം പാസായിട്ടുണ്ട്. എന്നാൽ ഇന്ന് മുതൽ പ്രതിസന്ധിയ്ക്ക് സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടാണ് കേന്ദ്രത്തിന് മുന്നിൽ കടം എടുക്കാനുള്ള നിർദ്ദേശം വയ്ക്കുന്നത്. അല്ലാത്ത പക്ഷം മാർച്ച് മാസം കേരളത്തിന് വലിയ പ്രതിസന്ധിയുടേതായി മാറും.
12-ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തുന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഈ ആവശ്യം ഉന്നയിക്കും.. സാമ്പത്തികമായി ഞെരുങ്ങുമ്പോൾ കടമെടുത്താണ് വർഷങ്ങളായി കേരളം മുന്നോട്ടു പോകുന്നത്. എന്നാൽ കിഫ്ബിയും പെൻഷൻ കമ്പനിയുമെടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി കേന്ദ്രം കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെയാണ് കടുത്ത ധനപ്രതിസന്ധി നേരിട്ടത്.
കൊല്ലം സമ്മേളനത്തിലെ വികസന വീമ്പു പറച്ചിൽ വല്ലതും നടക്കുമോ?
