“സുജിത് ദാസ് വിശുദ്ധന്‍, അജിത് കുമാര്‍ പരിശുദ്ധന്‍, സഖാക്കളെ നാം മുന്നോട്ട്”

മുന്‍ മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പരോക്ഷമായി പരിഹസിച്ച് മുന്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എസ്.പി. സുജിത് ദാസ് വിശുദ്ധന്‍, എം.ആര്‍.അജിത് കുമാര്‍ പരിശുദ്ധന്‍, തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ല, കേരളത്തില്‍ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല, കേരളത്തില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല എന്നാണ് അന്‍വര്‍ പരിഹസിക്കുന്നത്.
എന്ത് പറഞ്ഞാലും സി.പി.എമ്മിനുള്ള മറുപടി പി.വി. അന്‍വര്‍ സ്വര്‍ണ്ണ കടത്തുകാരനാണ് , എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്. പി.വി.അന്‍വര്‍ സ്വര്‍ണ്ണക്കടത്തുകാരനാണ്. എന്നാല്‍, എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല. സഖാക്കളെ മുന്നോട്ട്, ഇത് കേരളമാണ്, ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നുണ്ടെന്നും അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പി.വി.അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അടുത്ത പോസ്റ്റിങ് നല്‍കിയിട്ടില്ല.
എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അന്‍വര്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Exit mobile version