കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് സാധിച്ചു; പ്രശംസംശയുമായി പ്രകാശ് കാരാട്ട്

cpim prakash karat party meeting

കൊല്ലം: ചരിത്രപരമായ പോരാട്ടങ്ങളിലൂടെ കരുത്താർജ്ജിച്ച പാർട്ടിയാണ് കേരളത്തിലെ സിപിഐഎമ്മെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര സർക്കാരിന്റെ നവ ഉദാരവത്കരണ, ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ ഉയർത്തിക്കൊണ്ടുവരാൻ പിണറായി വിജയൻ സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പ്രശംസിച്ചു. ഹിന്ദുത്വ കോർപ്പറേറ്റ് ശക്തികൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെഡറലിസത്തിന്റെ അനിവാര്യതയ്ക്ക് കേരളത്തിലെ പാർട്ടിയേയും സർക്കാറിനേയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്നും സീതാറാം യെച്ചൂരിയുടെ വിയോഗം അസാധാരണ സാഹചര്യമായിരുന്നുവെന്നും പ്രകാശ് കാരാട്ട് ഓർമിച്ചു. ചരിത്രത്തിൽ ആദ്യമായാണ് പാർട്ടി ജനറൽ സെക്രട്ടറിയായിരിക്കേ വിടവാങ്ങുന്നത്. പാർട്ടി കോൺഗ്രസ്സിന്റെ മുന്നൊരുക്കങ്ങൾക്കിടയിലാണ് യെച്ചൂരി മരിച്ചതെന്നും കാരാട്ട് പറഞ്ഞു.

ഗാസയിൽ നടന്ന കൂട്ടക്കുരുതിക്കൊപ്പം നിൽക്കുന്ന സർക്കാരായി നരേന്ദ്ര മോദി സർക്കാർ മാറിയെന്നും പ്രകാശ് കാരാട്ട് വിമർശിച്ചു. മോദി സർക്കാർ ഇസ്രയേലിന് ആയുധം നൽകിയെന്നും ഇന്ത്യ എപ്പോഴും പലസ്തീന് ഒപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വേട്ടക്കാർക്കൊപ്പം നിൽക്കുകയാണ് മോദി സർക്കാർ. മോദി സർക്കാർ തീവ്ര വലതു പക്ഷത്തിന്റെ ഭാഗമാണ്. ഭരണഘടന മാറ്റുകയാണ് ആർഎസ്എസ് അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നവഫാസിസമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രം ശത്രുവിനെ പ്രഖ്യാപിക്കുമെന്നും കാരാട്ട് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും പ്രകാശ് കാരാട്ട് വിമർശിച്ചു. മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന് സിപിഐഎം നിലപാട് എടുത്തതായി വിഡി സതീശൻ പറഞ്ഞതായി കണ്ടെന്നും സതീശൻ സിപിഐഎം രേഖകൾ കൃത്യമായി വായിക്കാത്തത് കൊണ്ടാണ് ആ തെറ്റിദ്ധാരണയെന്നും അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ കാണിക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്നും കാരാട്ട് കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി നേരിടുന്ന പാർട്ടിയാണ് സിപിഐഎം. ആർഎസ്എസ്സിനോട് പൊരുതാൻ ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമല്ല. ഹിന്ദുത്വ കോർപ്പറേറ്റ് അജണ്ടകൾക്ക് എതിരെ പോരാടണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Exit mobile version