കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വിജയങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ ശിഥിലീകരണ തന്ത്രമാണെന്ന് ഇന്ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ ലേഖനത്തിൽ ആരോപിക്കുന്നു. ‘ബിജെപിക്ക് മണ്ണൊരുക്കുന്ന കോൺഗ്രസ്’ എന്ന പേരിലാണ് ലേഖനം പാത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇല്ലാത്ത ശക്തി ഉണ്ടെന്നു കാട്ടി മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്നുവെന്നും വിമർശനമുണ്ട്.
ബിജെപിയെ എതിർക്കുന്ന മറ്റ് പ്രതിപക്ഷ പാർട്ടികളോട് കോൺഗ്രസ് സ്വീകരിക്കുന്നത് ധാർഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. മതനിരപേക്ഷ പാർട്ടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകുമോ? മുസ്‌ലിം ലീഗ് അടക്കമുള്ള പാർട്ടികൾ ആലോചിക്കട്ടെ. ബിജെപിക്ക് ബദൽ ഉയർത്തുന്നതിന് തടസ്സം കോൺഗ്രസിന്റെ സമീപനങ്ങൾ’, എന്നിങ്ങനെയാണ് വിമർശനങ്ങൾ.
2015ലും 2020ലും കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റുപോലും ലഭിച്ചില്ലെന്നും എന്നിട്ടും ബിജെപിക്കെതിരെ നിൽക്കുന്ന മുഖ്യശക്തിയായ ആം ആദ്മി പാർട്ടിയെ തോൽപ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോൺഗ്രസ് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കൾ പറഞ്ഞതെന്നും ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവർ പറഞ്ഞതിന്റെ മറുവശമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോൺഗ്രസിന് മുഖ്യശത്രു ഇടതുപക്ഷമാണെന്നും ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയുമായി ചേരുന്നതാണ് കോൺഗ്രസ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലപ്പോഴും ഭൂരിപക്ഷ വർഗീയതയ്ക്ക് കോൺഗ്രസ്സ് അടിയറവ് പറഞ്ഞു. തങ്ങൾക്കാണ് ബിജെപിയെ തോൽപ്പിക്കാനുള്ള കെൽപ്പ് എന്ന് മേലിൽ പറയരുതെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.
Discussion about this post