എലപ്പുള്ളിയിലെ മദ്യനിർമ്മാണ കമ്പനി സിപിഐഎമ്മിനും കോൺഗ്രസിനും പണം നൽകിയെന്നാരോപിച്ച് ബിജെപി രംഗത്ത്. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോൺഗ്രസിന് ഒരു കോടി രൂപയുമാണ് നൽകിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിക്കുന്നു. പുതുശേരി മുൻ സിപിഐഎം ഏരിയ സെക്രട്ടറിക്ക് ആഡംബര കാർ നൽകി. തെളിവുകൾ ബിജെപിയുടെ കൈവശമുണ്ടെന്നും സി കൃഷ്ണകുമാർ ആരോപിച്ചു.
ബ്രൂവറിക്കെതിരായ സമരത്തിന്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമേ ഉപയോഗിക്കാവു എന്നത് ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്. മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിടിയെ അറിയിക്കും. ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തെ കവർന്നെടുക്കുന്നത് ഉൾപ്പെടെ കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും ബിജെപി അറിയിച്ചു.
ഒയാസിസിന് വേണ്ടി സർക്കാർ എല്ലാ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ തകർക്കുകയാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു. എംബി രാജേഷ് ഒയാസിസ് കമ്പനിക്ക് വേണ്ടി വാദിക്കുന്ന മന്ത്രിയായി മാറിയെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.