കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയരായ അഞ്ച് വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.
പ്രതികളായ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വിടില്ല. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കാൻ നിർദേശമുണ്ട്. പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും പരീക്ഷ എഴുതാൻ അനുവദിക്കുക. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ അഞ്ച് വിദ്യാർത്ഥികളും ഹാജരായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പത്തോ അതിലധികമോ ആളുകൾ ചേർന്നായിരുന്നു ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
തലക്ക് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. തലച്ചോറിന് 70 ശതമാനത്തോളം ക്ഷതമേറ്റ് കോമയിലായിരുന്നു വിദ്യാർത്ഥി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്. മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദനമേറ്റത്. വട്ടം ചേർന്ന് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മർദനം.