ഇടുക്കിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നതെന്നും ജില്ലയിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ വൻകിട കയ്യേറ്റ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ആരോപണം.
അനധികൃത ഖനനം ജില്ലയിൽ വ്യാപകമാണെന്ന പരാതിയുടെയും മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പിൻ്റെ അന്വേഷണം. മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകിയതും പിഴ ചുമത്തിയതുമായ ക്വാറികൾ വീണ്ടും പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ജുഡീഷണൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ഭരണത്തിൻ്റെ തണലിൽ നടത്തിയ ഏറ്റവും വലിയ കൊള്ളയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്നതെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം.
ഭരണത്തിന്റെ തണലിൽ സിപിഎം തീവെട്ടി കൊള്ള നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗിസിനെതിരെ ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിക്കണം. പാവപെട്ടവന്റെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ട് മറുവശത്ത് സിപിഎം നാടിനെ കൊള്ളയടിക്കുന്നു. സിപിഎം അഴിമതിയുടെ കരിനിഴലിലാണ്. സർക്കാർ ഇത്തരക്കാരെ സംരക്ഷിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
Discussion about this post