പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗമെന്ന് സന്ദീപ് വാര്യര്‍. നേരത്തെ സമാനമായ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ഔത്സുക്യം എന്തുകൊണ്ടാണ് ഇപ്പോള്‍ കാണിക്കാത്തതെന്ന് സന്ദീപ് ചോദിച്ചു. പിസി ജോര്‍ജ് നടത്തിയിട്ടുള്ള പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യുന്നതില്‍ വലിയ കാലതാമസമുണ്ടായതിന് പിന്നില്‍ ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമാണെന്ന് അദ്ദേഹം ആരോപിച്ചു.
നീതി നിര്‍വഹണം കോടതികളുള്ളത് കൊണ്ട് മാത്രം നടപ്പാകുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. പിസി ജോര്‍ജ് ഈ പ്രസ്താവനകള്‍ നടത്തിയിട്ടു മാസങ്ങള്‍ എത്രയായി. രണ്ടു മാസത്തിലധികമായി. അദ്ദേഹത്തിനെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ നല്‍കിയ പരാതിയിന്‍മേലാണ് കേസെടുക്കേണ്ട അവസ്ഥയുണ്ടായത്. കേസെടുത്തതിന് ശേഷവും അറസ്റ്റ് ചെയ്യാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയാറായില്ല. അദ്ദേഹം കേരളത്തിലെ പൊതുപരിപാടികളിലും മറ്റും തുടര്‍ച്ചയായി പങ്കെടുത്തുകൊണ്ടിരുന്നു. അതിനു ശേഷം കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പോകുന്നത് – സന്ദീപ് ചൂണ്ടിക്കാട്ടി.