അമിതവണ്ണത്തിനെതിരെ പ്രചാരണം: മോഹൻലാൽ ഉൾപ്പെടെ 10 പേരെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി

Mohanlal PM Modi campaign against obesity

അമിതവണ്ണത്തിനെതിരെ പോരാട്ടത്തിൽ നടൻ മോഹൻലാലിനെ നാമനിർദ്ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 10 പ്രമുഖ വ്യക്തികളെയാണ് പ്രധാനമന്ത്രി ഈ മാതൃക പദ്ധതിയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭേക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, സുധാ മൂർത്തി, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ് എന്നിവരാണ് പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്ത മറ്റ് പ്രമുഖർ. ഭക്ഷണത്തിൽ എണ്ണയുടെ അളവ് കുറയ്ക്കണമെന്ന് ഞായറാഴ്ച തന്റെ മൻ കി ബാത്ത് പ്രസംഗത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ അമിതവണ്ണ കേസുകൾ ഇരട്ടിയായതായും കുട്ടികളിൽ ഇത് നാലിരട്ടിയായി വർദ്ധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇത് കൂടുതൽ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നാമനിർദ്ദേശം ചെയ്തവർ ഓരോരുത്തരും മറ്റ് 10 പേരെ ഈ മാതൃകാ പദ്ധതിയിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.

Exit mobile version