പി സി ജോർജിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസം റിമാൻഡിൽ

PC George custody police

മത വിദ്വേഷ പരാമരർശത്തിൽ പി സി ജോ‍ർജ് 14 ദിവസം റിമാൻഡിൽ. കോടതി ജാമ്യാപേക്ഷ തള്ളി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി സി ജോർജിനെ വൈകുന്നേരം ആറ് മണിവരെ പൊലീസിന് വിശദമായി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടു.

ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങിയിരുന്നു. ഈരാറ്റുപേട്ട മുൻസിഫ് കോടതിയിലാണ് പി സി ജോർജ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങൽ. ബിജെപി നേതാക്കൾക്കൊപ്പമാണ് പി സി ജോർജ് കോടതിയിൽ എത്തിച്ചേർന്നത്.

പി സി ജോർജിൻറെ അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോർജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങനാണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ ജോർജിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല.

പൊലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ, പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി ജോർജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.

Exit mobile version